- Trending Now:
ആരോഗ്യ സംരക്ഷണത്തിനൊപ്പം വരുമാനമാര്‍ഗ്ഗം കൂടി തുറന്നിട്ട് ജനകീയമായി മാറിയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും അതിലൂടെ കേരള സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തിനുളള പരിഹാരം സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനും സാന്ത്വനം പദ്ധതിയിലൂടെ സാധിക്കുന്നു.
2006 ല്‍ ആണ് സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ വനിതകള്‍ക്ക് പുതിയൊരു സംരംഭ മാതൃകയും അതിനോടൊപ്പം ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇത്.
വീടുകളില്‍ നേരിട്ടെത്തി ബിപി, പ്രമേഹം എന്നിവ പരിശോധിച്ച് അതിലൂടെ വരുമാനം നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് വഴിയൊരുക്കുന്നു. സംരംഭ മേഖലയില്‍ താത്പര്യമുള്ള, പത്താം ക്ലാസ് വിജയിച്ച സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഏഴ് ദിവസം പരിശീലനം നല്‍കുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദ്ദം, രക്തക്കുഴലിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കാന്‍ പരിശീലനം നല്‍കി ഉപകരണങ്ങള്‍ അടങ്ങിയ കിറ്റും നല്‍കുന്നു. വിരല്‍ത്തുമ്പില്‍നിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളണ്ടിയര്‍മാര്‍ സേവനം നല്‍കുന്നത്.
പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ കിറ്റിനുള്ള തുക വോളണ്ടിയര്‍മാര്‍ നല്‍കണം. ഇതിനായി വായ്പ കുടുംബശ്രീ സഹായത്തോടെ ലഭിക്കും. കൊളസ്‌ട്രോള്‍ പരിശോധയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ് പോലുള്ളവയ്ക്ക് സബ്‌സിഡിയും നല്‍കും. വോളണ്ടിയര്‍മാര്‍ കാലാകാലങ്ങളില്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് പുതുക്കണം.
ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് വരുമാനം കണ്ടെത്തുന്നത്. കുടുംബശ്രീയുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് സേവനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കാര്യക്ഷമതയോടെയും കൃത്യനിഷ്ഠയോടെയും പ്രവര്‍ത്തിക്കുന്ന സാന്ത്വനം അംഗങ്ങള്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. കുറഞ്ഞത് 15000 രൂപ മുതല്‍ 50000 രൂപവരെ മാസവരുമാനം നേടുന്ന സാന്ത്വനം വോളണ്ടിയര്‍മാരുണ്ട്. സേവന സ്വീകര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ആവശ്യ സമയത്ത് വീട്ടില്‍ തന്നെ സേവനം ലഭിക്കുമെന്നതിനാല്‍ യാത്രാക്കൂലി ഉള്‍പ്പെടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു.
നിലവില്‍ 400 ഓളം സാന്ത്വനം വോളന്റിയര്‍മാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളന്റിയറെങ്കിലും വേണമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.വോളന്റിയര്‍മാരുടെ ലിസ്റ്റും പ്രവര്‍ത്തന മേഖലയും http://www.kudumbashree.org/pages/557 ല്‍ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.